h

h
k

2016, സെപ്റ്റംബർ 17, ശനിയാഴ്‌ച


ചിലപ്പതികാരം ആറാം ഖണ്ഡം

 

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആറാം പ്രാവശ്യവും ഒരു യാത്ര ചിത്രപവര്‍ണമി നാളില്‍ കണ്ണകിയെ കാണാന്‍ . ഒറ്റയ്ക്ക് മാത്രമുള്ള യാത്രകള്‍ ആണ് എനിക്കെന്നുമിഷ്ടം തനിച്ചുള്ള യാത്രകള്‍ നല്‍കുന്ന   സ്വാതന്ത്ര്യം അത് തന്നെയാണ് അതിനു കാരണവും .ഏപ്രില്‍ 22 വെള്ളിയാഴ്ച രാവിലെ 4 മണിക്ക് തന്നെ വീട്ടില്‍ നിന്നിറങ്ങി വീട്ടില്‍ നിന്നും 20 മിനിട്ട് നടക്കണം ബസ്‌ സ്റ്റോപ്പിലേക്ക്  മംഗളദേവിയിലെക്കുള്ള മുന്‍കാല യാത്രകളില്‍ നിന്നും ഉള്ള അനുഭവം വെച്ച് ഇത്തവണ ചെറിയ മുന്‍കരുതലുകള്‍ ഞാന്‍ എടുത്തിരുന്നു ഒരു ചെറിയ ഹാന്‍ഡ്‌ ബാഗ്‌ അതില്‍ അലുമിനിയും ബോട്ടിലില്‍ കുടിക്കാനുള്ള വെള്ളം (പ്ലാസ്റ്റിക്‌ ബോട്ടില്‍ അനുവദനീയം അല്ല ) പൊടിയെ ചെറുക്കാന്‍ ഒരു തോര്‍ത്ത് പിന്നെ വിശന്നാല്‍ അത്യാവശ്യം കഴിക്കാന്‍ തലേന്ന് തന്നെ വാങ്ങി കരുതിയ രണ്ടു പാക്കറ്റ് ബിസ്ക്കറ്റ്. ബസ്‌സ്റ്റോപ്പിലെത്തി  അതികം വയ്കാതെ തന്നെ കുമിളിയ്കുള്ള ബസ്‌ കിട്ടി  ചെല്ലാറുകോവിലും, അണക്കരയും ,എല്ലാം പിന്നിട്ടു 5 മണി കഴിഞ്ഞപ്പോള്‍ ബസ്‌ കുമിളിയിലെത്തി .

               

                          രാവിലത്തെ ഉറക്കഷീണം മാറ്റുവാന്‍ ആദ്യം തന്നെ ഒരു ചുക്ക് കാപ്പി വാങ്ങി കുടിച്ചു . സന്ദര്‍ശകര്‍ രാവിലെ തന്നെ എത്തിയിട്ടുണ്ട് നിര നിരയായി കിടക്കുന്ന ജീപ്പുകള്‍ കര്‍മനിരതരായ പോലീസുകാര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വഴി വാണിഭക്കാര്‍ .കുറച്ചുകൂടി കഴിഞ്ഞാല്‍ മുന്‍കാലങ്ങളിലെ പോലെ വെയിലത്തു  ഭക്തര്‍ക്ക് കുടിവെ ള്ളം കൊടുക്കുന്ന കുമിളിയിലെ മുസ്ലീം സഹോദരിമാരെയും കാണാം ആ നല്ല കാഴ്ചകള്‍ കാണുവാന്‍ എനിക്കിന്ന് സമയമില്ല താണ്ടുവാന്‍ ഇനിയുമുണ്ട് ഏറെ ദൂരം  

        

                     കുമിളി ബസ്‌സ്റ്റാന്ടില്‍ നിന്നും ജീപ്പില്‍ കയറാനുള്ളവരുടെ നിര ഹോട്ടല്‍ കുമിളി ഗേറ്റും കടന്നു പിന്നിലേക്ക്‌ നീളുന്നു നടന്നു പോവണോ ജീപ്പില്‍ പോവണോ എന്ന് ചിന്താ കുഴപ്പത്തിലായ ഞാന്‍ അവസാനം നടക്കാന്‍ തീരുമാനിച്ചു വെയില്‍ ഉറക്കും മുന്‍പ് മുകളില്‍ എത്തിപറ്റണം  . വഴിയില്‍ എങ്ങും വിശ്രമിക്കാതെ നടന്നാല്‍ 15 കിലോമീറ്റര്‍ മൂന്നര മണികൂര്‍ കൊണ്ട് നടന്നെത്താം എന്ന് മനസ്സില്‍ കണക്കു കൂട്ടി 10 മിനിട്ടിനുള്ളില്‍ തന്നെ വനത്തിലെക്കുള്ള ചെക്ക്‌ പോസ്റ്റില്‍ എത്തി അവിടെ ഒരു ചെക്കിംഗ് ഉണ്ട് കാമറ ഉണ്ടേല്‍ വാങ്ങി വെക്കും പ്ലാസ്റ്റിക്‌ ബോട്ടിലുകള്‍ തീപെട്ടി  സിഗരറ്റ് തുടങ്ങിയവയും കൊണ്ടുപോകാന്‍ അനുവാദമില്ല .ജീപ്പുകള്‍ പോകുവാന്‍ തുടങ്ങിയതിനാല്‍ പൊടി പറന്നു തുടങ്ങിയിരുന്നു നടന്നു പോകുന്ന സഞ്ചാരികള്‍ എല്ലാം മുഖം  മറച്ചു പൊടിയില്‍ നിന്നും കഴിവതും രകഷപെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു .

          രണ്ടു സംസ്ഥാനങ്ങളും ചേര്‍ന്ന് ഒന്നിച്ചു നടത്തുന്ന ഉത്സവമയതിനാല്‍ ഇരു സംസ്ഥാനങ്ങളുടെയും മെഡിക്കല്‍ ടീമും .പോലീസ് സേനകളും ഭക്തരുടെ ആവശ്യങ്ങളില്‍ സഹായിക്കാന്‍ വെയിലും പൊടിയും വക വയ്യ്ക്കാതെ സദാ സമയവും കര്‍മ്മ നിരതരായിരിക്കുന്നു .ഏകദേശം 6 കിലോമീറ്റരോളം കഴിഞ്ഞപ്പോള്‍ തന്നെ നടപ്പ് അത്ര ഈസി അല്ല എന്ന് മനസിലായി പൊടി തന്നെയാണ് വില്ലന്‍ വിയര്‍ത്ത് പൊടി പിടിച്ചു ആകെ ഒരു മടുപ്പാണ് നടക്കാന്‍ . കാനന യാത്ര ആസ്വദിക്കാന്‍ പറ്റില്ല പിന്നെ കുറച്ചു നേരം വിശ്രമിച്ചിട്ട് പോവാന്‍ തീരുമാനിച്ചു നല്ല തണലുള്ള ഒരു മരത്തിന്റെ കീഴില്‍ കുറെ സമയം ഇരുന്നു ,വിശ്രമിച്ചകൊണ്ട് ഒരു ഗുണം ഉണ്ടായി ഒരു തമില്‍ സഞ്ചാരിയെ കൂട്ടിനു കിട്ടി ആളുടെ പേര് അന്‍പ് ഏകദേശം എന്റെ പ്രായം തന്നെ ചിന്നമന്നുര്‍ സ്വദേശിയാണ് എല്ലാ വര്‍ഷവും മുടങ്ങാതെ വരാറുണ്ട് അത്യാവശ്യം നന്നായി തമില്‍ സംസാരിക്കാന്‍ അറിയാവുന്നകൊണ്ട് ഞങ്ങള്‍ പെട്ടന്ന് കമ്പനി ആയി പിന്നെ ഒരുമിച്ചായി നടത്തം .ഒരു കാവി മുണ്ടും ചെക്ക്‌ ഷര്‍ട്ടും ഒരു തോര്‍ത്തും ആണ് അന്‍പ് ധരിച്ചിരിക്കുന്നത്‌ .ഇപ്പോളാണ് ജീന്‍സും ഷൂവും ബാഗും ഇട്ടു നടക്കുന്നതിന്റെ പാട് മനസിലായത്

 

 

         ഏകദേശം ഒന്‍പതരയോടെ ഞാനും അന്പും ചേരന്‍ ചെങ്ങുട്ടവന്‍റെ കണ്ണകി കോട്ടത്തില്‍ എത്തി .വഴിയില്‍ വെച്ച് അന്പ് പറഞ്ഞ കണ്ണകിയുടെയും കൊവാലന്‍റെയും  കഥകള്‍ ആയിരുന്നു മനസ് നിറയെ . കോവിലില്‍ എത്തിയപ്പോള്‍ ആണ് ഭക്തരുടെ തിരക്ക് മനസിലായത് . ജീപ്പുകള്‍ വളഞ്ഞും തിരിഞ്ഞും മല കയറി വരുന്നത് നല്ലൊരു കാഴ്ച ആണ് . പ്രകൃതി അതിന്‍റെ വശ്യത മുഴുവന്‍ ഈ കുന്നുകളില്‍ വാരി വിതറിയിരിക്കുന്നു .പളിയകുടി വഴി നടന്നു വരുന്ന തമില്‍ ഭക്തര്‍ ഒരു കാഴ്ച തന്നെയാണ് .കോവിലില്‍ കയറി കണ്ണകിയെ തൊഴുതു പ്രസാദവും വാങ്ങിയ ശേഷം  പതിവു പോലെ എല്ലാ മലയിലും കയറി ഇറങ്ങി . പിന്നെ ഇടയ്ക്കു പോയി സാമ്പാര്‍ സാദവും കഴിച്ചു  ഇത് വാങ്ങാനുള്ള തിരക്കിനിടയില്‍ അന്‍പിനെ കാണാതെ പോയി തിരക്കിനിടയില്‍ സഹയാത്രികന്‍ നാഷ്ടപെട്ടു വീണ്ടും ഞാന്‍  തനിച്ചായി .  

 

              വെയിലും പൊടിയും തിരക്കും കാരണം ആകെ തളര്‍ന്നിരുന്നു .തിരിച്ചു 15 km നടന്നു പോവാന്‍ ഒരു ബാല്യം ഇല്ലാത്തപോലെ ഞാനും  ജീപ്പില്‍ കയറാന്‍ തിരക്ക് കൂട്ടുന്നവരുടെ ഇടയിലേക്ക് നടന്നു .സമയം രണ്ടര കഴിഞ്ഞിരിക്കുന്നു വളര നേരത്തെ പരിശ്രമത്തിനു ശേഷം ഒരു ജീപ്പില്‍ കടന്നു കൂടി .പൊടി പറത്തി കൊണ്ട് ജീപ്പ് മലയിറങ്ങുമ്പോള്‍ മനസ്സില്‍ ഒരു പിടി നല്ല ഓര്‍മകളുമായി അന്പും ,ചേരന്‍ ചെങ്ങുട്ടവനും ,കോവാലനും ,കണ്ണകിയും മാത്രം .ഇനിയും അടുത്ത വര്‍ഷം കാണാമെന്ന വാക്കുമായി വിട .യാത്രകള്‍ അവസാനിക്കുന്നില്ല.

2012, മേയ് 16, ബുധനാഴ്‌ച

.മരുഭൂമിയിലെ ഇടയന്‍


                                                 


                       പുറത്ത്‌ മേട സൂര്യന്‍ തിളച്ചു മറിയുകയാണ്  എന്തോ ഈ വര്ഷം  ചൂടിന്റെ കാഠിന്യം ഇത്തിരി കൂടുതലാണ്  .ഞാന്‍ കാറിലെ എ സി ഒന്ന് കൂടി കൂട്ടിവച്ചിട്ട് പുറത്തേ കാഴ്ച്ചകളിലേക്ക് നോക്കിയിരിക്കുകയാണ് .ഫിറോസ്‌ ഇടക്കൊക്കെ എന്നോട് സംസാരിക്കുന്നുണ്ടെങ്കിലും അവന്‍ വളരെ ആസ്വദിച്ചു വണ്ടിയോടിക്കുകയാണെന്നു എനിക്ക് മനസിലായി.ഞങളുടെ വാഹനം ദുബായി ബൈപാസ്‌ റോഡില്‍ നിന്നും  ഒമാന്‍- ഹത്താ  റോഡിലേക്ക് കടന്നു  ഇപ്പോള്‍ പുറം കാഴ്ചകളില്‍ ബഹുനിലമന്ദിരങ്ങളില്ല പകരം കണ്ണെത്താദൂരത്തോളം  പരന്നുകിടക്കുന്ന   മണല്‍ക്കാടുകള്‍  അങ്ങി ഇങ്ങു ചൂടിനെയും മണല്‍ക്കാറ്റിനെയും വെല്ലു വിളിച്ചു  ഉയര്‍ന്നു നില്‍ക്കുന്ന മരുപച്ചകള്‍. ചുവന്ന മണല്‍  കൂനകള്‍ക്കിടയിലുടെയുള്ള പാത ഏറെക്കുറെ വിജനമാണ്  .അറബികഥയിലെ  പൊന്നുവിളയുന്ന ഭൂമിക്ക്             അത്ര ഭംഗി പോരാ എന്നെനിക്ക് തോന്നി..

                                 ഞാന്‍ ചെറുതായി മയങ്ങി തുടങ്ങിയിരുന്നു ഫിറോസ് പെട്ടന്ന് വണ്ടി നിറുത്തിയതുകൊണ്ടാണ് ഞാന്‍ ഉണര്‍ന്നത് ഞങളുടെ കാറിനു മുന്‍പില്‍ ഒരു ചെറുപ്പക്കാരന്‍ കൈനീട്ടി നില്‍ക്കുകയാണ്  ഒറ്റ നോട്ടത്തില്‍ തന്നെ പാകിസ്ഥാന്‍ സ്വദേശിയാനെന്നു മനസിലായി മുഷിഞ്ഞു വിയര്‍പ്പില്‍ ഒട്ടിയ വസ്ത്രങ്ങള്‍  കഴുത്തിലും കണ്‍കോണുകളിലും ഉപ്പിന്‍റെ വെള്ള തരികള്‍  " ഭയ്യ തോടാ പാനി മിലെങ്ങാ  ഹം ലോക് ജംഗല്‍സേ ആയാ"  ഇടറിയ ശബ്ദത്തിലുള്ള ആ ചോദ്യത്തിനു മുന്‍പില്‍ ഒന്ന് പകച്ചുനിന്നെങ്കിലും പെട്ടന്ന് തന്നെ ഫിറോസ് ഒരു ബോട്ടില്‍ വെള്ളമെടുത്തു കൊടുത്തു അയാള്‍ അതു കുടിക്കാതെ കയ്യിലിരുന്ന കുപ്പിയിലേക്ക് പകര്‍ത്തുകയാണ് ഞാന്‍ അപ്പോളാണ് ആ കുപ്പി ശ്രദിച്ചത്  വലിയ ഒരു പ്ലാസ്റ്റിക്ക് ബോട്ടിലില്‍ തുണി ചുറ്റിയിട്ടു കയറിട്ടു വരിഞ്ഞുകെട്ടിയിരിക്കുന്നു    വെള്ളത്തിന്‍റെ തണുപ്പ് നിലനിര്‍ത്താനാനു അതെന്നു എനിക്ക് മനസിലായി .ഞങള്‍ കൊടുത്ത വെള്ളം ആ വലിയ കുപ്പിയുടെ  കാല്‍ ഭാഗത്തോളം മാത്രമേ  ആയിട്ടുള്ളൂ അതുകൊണ്ട്  തികയില്ല എന്ന് അയാളുടെ മുഖഭാവത്ത് നിന്ന് മനസിലായി കാറിലാനെങ്കില്‍ വേറെ വെള്ളവുമില്ല . ഞങളുടെ നിസഹായവസ്ഥ  അയാള്‍ക്ക് മനസിലായി

                           
                                 ഖാലിദ്‌ മുഹമ്മദ്‌ 27 വയസ്സ് ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഡ്രൈവര്‍ വിസയില്‍ വന്നതാണ്‌  പെഷവാറിനടുത്താന് സ്വദേശം  ദുരിതങ്ങളുടെ നടുക്കയത്തില്‍ നിന്നും കര കയറാന്‍  അക്കരെ പച്ച കണ്ട് ഇറങ്ങി തിരിച്ചതാണ് സ്പോണ്‍സറുടെ ചതിയില്‍ പെട്ട് ഇപ്പോള്‍ ഒട്ടകങ്ങളെ മേയിക്കുന്നു  ... ഇടയന്‍  മരുഭൂമിയിലെ ഇടയന്‍  അയാളുടെ വാക്കുകളില്‍ ജീവിതത്തോടുള്ള നിരാശയായിരുന്നു  .മെലിഞ്ഞുന്ങ്ങിയ അയാളുടെ കണ്ണുകളില്‍  പ്രതീക്ഷയുടെ  ഒരു തിളക്കം ബാക്കിയുണ്ടായിരുന്നു.കനിവുതോന്നി എന്നെങ്കിലും തന്‍റെ അറബാബ് തന്നെ തിരിച്ചയക്കുമെന്ന് ....ഏകദേശം ഒരു പത്തു മിനിട്ടത്തെ യാത്രയ്ക്കു ശേഷം ഞങ്ങള്‍ ഒരു ചെറിയ കട കണ്ടു പിടിച്ചു  ഇവിടെ ഒന്ന് രണ്ടു വാഹനങ്ങള്‍ പാര്‍ക്കുചെയ്യ്തിട്ടുണ്ട് .ഞങ്ങള്‍ കടയിലേക്ക് കയറി 4 ബോട്ടില്‍ വെള്ളവും കുറച്ചു ലബന്‍ അപ്പും വാഴപഴവും വാങ്ങി ഖാലിദിനെ ഏല്പിച്ചു  എത്രയും പെട്ടന്നു തിരിച്ചു ജോലി സ്ഥലത്ത് എത്താനുള്ള അയാളുടെ വ്യഗ്രത ഞങ്ങള്‍ക്ക് മനസിലായി ..തിരിച്ചുള്ള യാത്രയില്‍ പിന്നെയും  എന്തെല്ലാമോ ചോദിക്കണമെന്നുണ്ടായിരുന്നു

                                 ഇനി ഞങളുടെ കാര്‍  മുന്നോട്ടു പോകില്ല പാത അത്രയ്ക്കും ദുഷ്കരമാണ് വലിയ വാഹനങ്ങള്‍ പോയ ചാലുകള്‍ മണലില്‍ പതിഞ്ഞു കിടപ്പുണ്ട് ദൂരെയായി ഒട്ടകങ്ങള്‍ മേയ്യുന്നത് ഖാലിദ് ചൂണ്ടി കാണിച്ചു തന്നു.ഫിറോസ് പോരണ്ട എന്നു എന്നോട് പറഞ്ഞതാണ്‌ എന്‍റെ നിര്‍ബന്തത്തിനു വഴങ്ങിയാണ്‌ അവന്‍ വന്നത് തന്നെ . ആ ചെറിയ യാത്രയില്‍ എനിക്ക് ഖാലിദിനോടു തോന്നിയ സഹതാപമാണോ അതോ എവിടെയോ വായിച്ചു മറന്ന ബന്ന്യാമിന്റെ ആടുജീവിതത്തിന്റെ നേര്‍കാഴ്ചയോടുള്ള കൌതുകം കൊണ്ടൊ എനിക്കറിയില്ല അപ്പോള്‍ എനിക്കങ്ങനെയാണ് തോന്നിയത്.ഈ മണല്‍ കാടിന്റെ ഉള്ളിലെ ജീവിതങ്ങളെ നേരിട്ട് കാണണം അതുകൊണ്ടാണ് ഞങ്ങള്‍ ഖാലിദിനോപ്പം പുറപ്പെട്ടത്‌..

                               ഒരു നിയോഗം പോലെ എന്നെനിക്ക് തോന്നി മരുഭൂമിയുടെ യഥാര്‍ത്ഥമുഖം എന്നെ അമ്പരപ്പിക്കുന്നു ഓരോ നിമിഷവും അതിന്റെ ഭാവം മാറിക്കൊണ്ടിരിക്കുന്നു ചുവന്ന മണല്‍ മലകള്‍ പഴുത്തു കിടക്കുകയാണ് ആരുടെയൊക്കെയോ കാല്‍പ്പാടുകള്‍ അവ്യക്തമായി മണലില്‍ പതിഞ്ഞു കിടപ്പുണ്ട് .ഇപ്പോള്‍ ഞങള്‍ കാര്‍ നിറുത്തിയിടത്തുനിന്നും ഏകദേശം അര കിലോമീറ്റര്‍ ഉള്ളിലാണ് അങ്ങു ദൂരെ ടവര്‍ കാണാം ഇലക്ട്രിക് ടവര്‍ ആണെന്ന് തോന്നുന്നു . ഒട്ടക വിസര്‍ജ്യത്തിന്‍റെ അസഹ്യമായ ചൂര് ഞങ്ങള്‍ക്കനുഭവപെട്ടു ഏകദേശം അര ഏക്കറോളം വരുന്ന സ്ഥലം വേലികെട്ടി നിരപ്പാക്കി അതിനുള്ളിലാണ് ഒട്ടകങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത് ഖാലിദിനെ കൂടാതെ വേറെ രണ്ടു പേര്‍ കൂടി അവിടെ ഉണ്ടായിരുന്നു .അസ്ഹറും,സാവൂദും. സാവൂദിനെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ആരും ഒന്ന് പേടിച്ചു പോകും  അലസമായി വളര്‍ന്നു കിടക്കുന്ന മുടി മുഷിഞ്ഞു നാറിയ വസ്ത്രങ്ങള്‍  അയാളുടെ പല്ലിനും അവിടുത്തെ മണലിനും ഒരേ നിറമാണെന്ന് എനിക്ക് തോന്നി  അയ്യാള്‍ ഞങ്ങളോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല  അയാള്‍ക്ക് ചെറുതായി മാനസിക വിഭ്രാന്തി ഉണ്ടെന്നു ഖാലിദ്‌ ഞങ്ങളോട് പറഞ്ഞു അതു കൊണ്ട് അയാളെ ക്യാമ്പിനു വെളിയില്‍ വിടാറില്ല..ഇനി അസ്ഹര്‍ ഏകദേശം അന്‍പതിനടുത്ത് പ്രായം വരും പതിനരുകൊല്ലത്തോളമായി ഇവിടെ കൃത്യമായി അറിയില്ല കാരണം ഇവിടെ ദിവസങ്ങളും വര്‍ഷങ്ങളും ഒന്നുമറിയില്ലല്ലോ ഒരു തണുപ്പുകാലത്ത് മോഷണകേസില്‍പെട്ട് ഒളിച്ചോടി ഇവിടെയെത്തിപെട്ടതാണ് നാട്ടില്‍ പോകണമെന്നില്ല അവിടെ ആരോക്കെയുന്ടെന്നു പോലും അറിയില്ല എന്‍റെ മരണം ഇവിടെ തന്നെ അയാള്‍ നെടുവീര്‍പെട്ടു...  
                                           
                               
                                     ഫിറോസ്‌ തന്‍റെ മൊബൈലില്‍ ഒട്ടകങ്ങളുടെ ചിത്രങ്ങള്‍ എടുക്കുകയാണ് ഏകദേശം അറുനൂറോളം ഒട്ടകങ്ങളെ ഈ വേലിക്കകത്ത് രണ്ടായി തിരിച്ചിരിക്കുന്നു ഒന്നില്‍ ഗര്‍ഭിണികളും പ്രസവിച്ചതുമായ ഒട്ടകങ്ങളെ പ്രതേകമായി പാര്‍പ്പിച്ചിരിക്കുന്നു  അവയെ പുറത്തു മേയാന്‍ വിടാറില്ല.ഈ വേലികെട്ടിനു  മധ്യത്തിലായി കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഒരു വലിയ വാട്ടര്‍ ടാങ്ക്അതില്‍ നിറയെ വെള്ളം നിറച്ചിരിക്കുന്നു എപ്പോഴും ഒട്ടകങ്ങള്‍ വന്നും പോയും അതില്‍ തലയിടുന്നതിനാല്‍ ആകെ മലിനമായി കിടക്കുകയാനത് തൊട്ടപ്പുറത്ത് തന്നെയാണ്  ഇവര്‍ താമസിക്കുന്ന ടെന്ടുകള്‍ ഫൈബര്‍ ഷീറ്റ് കൊണ്ട് മേഞ്ഞ കൂടാരം ഈന്തപനയുടെ  ഓലകള്‍ കൊണ്ട്‌ കുറച്ചുഭാഗം മുന്നോട്ടു അവര്‍ തന്നെ പണിതതാണ് ഒരു ഭാഗത്ത് വിറകു കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു ഒന്ന് രണ്ടു ഗ്യാസ്കുറ്റികളുമുണ്ട് അസ്ഹറിനാണ് പാചകത്തിന്റെ ചുമതല .പിന്നെ കറവയുള്ള ഒട്ടകങ്ങളുടെ  പല കറന്നെടുക്കണം  അത് കൊണ്ടു പോകാന്‍ സലിം വരുമത്രേ .അയാള്‍ വരുമ്പോള്‍ പിക്കപ്പില്‍ വെള്ളവും മറ്റു അവശ്യ സാധനങ്ങളും  കൊണ്ടു വന്നു തരും.. സാവൂദ്‌ ഫിറോസിനോടു ദേഷ്യപെടുകയാണ്അവന്റെ സംസാരം ഒന്നും വ്യക്തമല്ല എന്തൊക്കെയോ പിറുപിറുക്കുന്നു. ഫിറോസ്‌ അവന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് കാരണം തങ്ങളുടെ ഫോട്ടോ മാത്രം എടുക്കരുത് എന്ന് ഖാലിദ്‌ ഞങ്ങളോട് അഭ്യര്‍ഥിച്ചു ഫിരോസ്ഫോനെ പോക്കറ്റിലേക്കിട്ടു സാവൂദ്‌ ദേഷ്യത്തില്‍ തന്നെയാണ്  ഡീസല്‍ നിറച്ച വീപ്പയ്ക്കു മുകളില്‍ കയറിയിരിക്കുകയാനവന്‍ അപ്പോളാണ് ഞാന്‍ ശ്രദ്ധിചത് അതിനു താഴെയായി രണ്ടു ജനറേറ്ററുകള്‍ ക്യാമ്പില്‍ ഒന്ന് രണ്ടു ബള്‍ബുകളും ഉയരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്....
                 
                                    തീരെ ഇടുങ്ങിയതല്ലാത്ത ആമുറി നിറയെ സാധനങ്ങളാണ് മുഷിങ്ങ വസ്ത്രങ്ങള്‍ വാരി വലിച്ചിട്ടിരിക്കുന്നു   ഒരു ഭാഗത്ത് അരിയും മറ്റു ഭഷ്യവസ്‌തുക്കളും സൂക്ഷിച്ചിരിക്കുന്നു അഴയില്‍ ഒരു നരച്ച മുസല്ല കിടപ്പുണ്ട്  അപ്പോഴേക്കും ഒരു ചെറിയ കുറ്റി നിറയെ ഒട്ടക പാലുമായി അസ്ഹര്‍ എത്തി ഞങ്ങള്‍ക്ക് തരാന്‍ വേണ്ടി കൊണ്ടുവന്നതാനത് ചെറിയ മഞ്ഞ നിറം തോന്നിക്കുന്ന ആ പാല്‍ ഞാന്‍ ഒരു കവിള്‍കുടിച്ചുനോക്കി ..ദൂരെ നിന്നെ പിക്കപ്പിന്റെ ഹോണടി കേട്ട് അസ്ഹര്‍ ഞങ്ങളോട് പറഞ്ഞു അത് സലിം ആണ് അവന്‍ നിങ്ങളെ കാണേണ്ട ..ശബ്ദമുണ്ടാക്കാതെ അകത്തിരിക്കുമ്പോള്‍ എനിക്ക് സലിമിനെ ഒന്ന് കാണണമെന്നുണ്ടായിരുന്നു അതിനു ഒന്നു ശ്രമിച്ചു നോക്കിയതുമാണ്  പക്ഷെ പുല്ലു നിറച്ച പിക്കപ്പ് മാത്രമാണ് കാണാന്‍ സാധിചത് അയ്യാള്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയില്ല  ഖാലിദും അസ്ഹറും കൂടി പുല്ലു മുഴുവന്‍ ഇറക്കിയിട്ടു പാല്‍ കുറ്റികള്‍ അതില്‍ വച്ച് കെട്ടി  പൊടി പറത്തികൊണ്ട് പിക്കപ്പ് ദൂരെക്കു മറഞ്ഞു...
                                 


                            സമയം ആറരയാവുന്നു സൂര്യന്‍ മറയാറായെങ്കിലും ചൂടിനു കുറവില്ല  ഞാനും ഫിറോസും വിയര്‍പ്പില്‍കുളിച്ചിരുന്നു  ഞങ്ങള്‍ക്ക് മടങ്ങാന്‍ സമയമായിരിക്കുന്നു അവോരോട് യാത്ര പറയുപോള്‍  ഇനിയും ദുരൂഹതകള്‍ ഒളിഞ്ഞു കിടക്കുന്ന ആ മണല്‍ക്കാടുകളെ ഞാനും ഇഷ്ടപെട്ടു തുടങ്ങിയിരുന്നു.ഞങ്ങളുടെ കാര്‍ അവരെ പിന്നിലാക്കി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു .ദൂരെയെവിടെയോ മുഴങ്ങുന്ന ബാങ്ക് വിളികള്‍ പോലും അപ്പോള്‍ എന്റെ മനസിനെ സ്പര്‍ശിച്ചില്ല  കാരണം അത്രയ്ക്ക് പ്രക്ഷുബ്ധമായിരുന്നു അത്...
                                                                                                                                            
                         
                              

2012, ഫെബ്രുവരി 29, ബുധനാഴ്‌ച

എന്‍റെ മഴത്തുള്ളിക്കായി

എന്‍റെ മഴത്തുള്ളിക്കായി

ഒരു പന്ത്രണ്ടു കൊല്ലത്തിനു ശേഷം ഇന്നവളെ കണ്ടു ഗുരുവായൂരില്‍ വച്ച് കൂടെ അയാളും ഉണ്ടായിരുന്നു ഗോപികൃഷ്ണന്‍ ഇന്നവരുടെ കുട്ടിയുടെ  ചോറൂണ് ആണ്  അറിയാതെ യാണ് ഞാന്‍ അവരുടെ മുന്നില്‍ പെട്ടത് ഗതകാല സ്‌മരണകള്‍ എന്നവണ്ണം അവള്‍ ഒന്ന് പുഞ്ചിരിച്ചു.അവളുടെ വാക്കുകള്‍ എന്റെ കാതില്‍ വീണ്ടും വീണ്ടും വന്നലക്കുകയാണ്  "നിന്നെകുറിച്ചുള്ള ഓര്‍മകള്‍ മാത്രം മതി എനിക്ക് ജീവിക്കുവാന്‍  "
                                      
                                               ഓര്‍മകള്‍ എന്നെ ഭൂതകാലത്തിലേക്ക്  കൂട്ടികൊണ്ട്‌ പോവുകയാണ് ...പാഞ്ചാലിപുഴ നിറഞ്ഞിട്ടുണ്ടാവുമോ ഓരോ മഴക്കാലവും  പാഞ്ചാലിപുഴയെ  സമ്പന്നമാക്കാരുണ്ടായിരുന്നു പാണ്ഡവരുടെ വനവാസ കാലത്ത് പാഞ്ചാലി ഈ പുഴയില്‍ കുളിച്ചിരുന്നു അത്രേ അതിനാലാണ് ഈ പുഴക്ക് പാഞ്ചാലി പുഴ എന്ന് പേര് വന്നത്  പുഴ നിറഞ്ഞു ഒഴുകുമ്പോള്‍ വികൃതി ചെക്കന്മ്മാര്‍ക്ക് ഉല്‍സവമാണ് മുങ്ങാം കുഴിയിട്ടും ഒഴുക്കിനെതിരെ നീന്തിയും ചിലര്‍ നേരം കൊല്ലുമ്പോള്‍ വേറെ ചിലര്‍ക്ക് താല്പര്യം ചൂണ്ടയില്‍ മീന്‍ പിടിക്കുന്നതാണ്....
                                          പാഞ്ചാലിപുഴ  ഒഴുകി ചേരുന്നത് നിളയിലേക്കാണ് ഒരു ജനതയുടെ ആത്മാവായ നിളാനദിയിലേക്ക്  പുഴയുടെ ഇരു വശവും വയലുകളാണ് ഒരു കാലത്ത് ഈ വയലുകള്‍ സമ്രത്തിയുടെ പത്തായപുരകളായിരുന്നു ഒരു ഗ്രാമത്തിന്റെ മുഴുവന്‍ വിശപ്പും അടക്കാന്‍ പോന്നത്ര വിളവുകളുള്ള വയലുകള്‍  മഴക്കാലം തുടങ്ങിയാല്‍ വയലുകള്‍ സജീവമാകും വരമ്പുകള്‍ അരിഞ്ഞു വൃത്തിയാക്കുന്നവര്‍ വയല്‍ ഉഴുതുമറിക്കുന്ന കാളകൂറ്റന്‍മാര്‍ കൂട്ടിനു കൊറ്റിയും താറാവും ,കുള കോഴികളും  വയലേലകള്‍ വിളഞ്ഞു നില്‍ക്കുമ്പോള്‍ കൊയ്ത്തുത്സവം വരവായി  നിറഞ്ഞ കറ്റകളില്‍ നിന്നും നെന്മണികള്‍ ഉതിരുമ്പോള്‍ പൊലികളങ്ങള്‍ പടകളങ്ങള്‍ ആകുമായിരുന്നു......




                                                 പെയ്തൊഴിഞ്ഞ മഴയുടെ അവസാനത്തെതുള്ളികളില്‍ ഒരെണ്ണം എന്‍റെ മുഖത്തേക്ക് പതിച്ചപ്പോഴാണ് ഞാന്‍ ഓര്‍മകളില്‍ നിന്നും തിരികെയെത്തിയത്.. മഴയെ ഞാന്‍ വളരെ അധികം സ്നേഹിക്കുന്നു  കാരണം നിന്‍റെ കുപ്പിവളകളുടെ കിലുക്കവും മഴയുടെ ആരവവുംമായിരുന്നല്ലോ എനിക്ക് എറ്റവും പ്രിയപെട്ടത്. ഒരു മഴക്കാലത്താണ് ഞാന്‍ അവളെ കാണുന്നത്  അവളുടെ ഒരു നോട്ടത്തില്‍ നിന്നും ഒരുപാട് അര്‍ത്ഥ ങ്ങള്‍ഞാന്‍ മനസിലാക്കി  എന്തിനാണ് ഞാന്‍ അവളെ സ്നേഹിച്ചത്  പെയ്യാന്‍ വെമ്പുന്ന മഴക്കാറുപോലെ അവളുടെ കണ്ണുകളില്‍ തിങ്ങിനില്‍ക്കുന്ന ശോകമാണോ എനിക്കറിയില്ല പാഞ്ചാലിപുഴയുടെ തീരഗളില്‍ ഞങള്‍ പലപ്പോഴും കണ്ടുമുട്ടി അവളുടെ സ്വപ്നങ്ങള്‍,അവളുടെ ദുഖങ്ങള്‍ അതെല്ലാം എന്റേതുകൂടിയാണെന്നു എനിക്ക് തോന്നി പിന്നെയും മഴക്കാലങ്ങള്‍ വന്നു അപ്പോഴൊക്കെ സന്തോഷിക്കാന്‍ എന്നോടൊപ്പം അവള്‍കൂടിയുണ്ടായിരുന്നു.......
                                                                                           (  തുടരും )

2012, ഫെബ്രുവരി 22, ബുധനാഴ്‌ച

നിന്‍റെ ഓര്‍മ്മക്ക്

ഇന്നെനിക്ക് ചിതലരിച്ച ഓര്‍മകളുടെ എന്‍റെ കുഴിമാടഗല്‍ തകര്‍ത്തു പുറത്തു വരണം.... പുറത്തു വട്ടമിട്ടു പറക്കുന്ന ശവം തീനി കഴുകന്‍മാര്‍ക്കിടയില്‍ നിന്റെ ചിലങ്കയുടെ ശബ്ദം എനിക്ക് കേള്‍ക്കണം.... എന്‍റെ പ്രണയത്തിന്‍റെ പര്‍ണശാലകള്‍ എനിക്കു പുതുക്കി പണിയണം....എനിക്കു നിന്നോട് ഉറക്കെ പറയണം നീ എന്‍റെ ആരൊക്കെയോ ആയിരുന്നു എന്ന്....കാരണം എന്റെ മനസ്സില്‍ പൊഴിഞ്ഞ മഴയുടെ തുള്ളികളിളില്‍ നിന്‍റെ കണ്ണുനീര്‍ ഉണ്ടായിരുന്നു...എവിടെയാണ് നീ എന്റെ സ്വപ്നങ്ങളില്‍ നിന്നും ഒരു പാട് ദൂരെയാണ് നീ  ചക്രവാകഘല്‍കല്‍ക്കപ്പുറം നിന്‍റെ...........................................................

2012, ജനുവരി 4, ബുധനാഴ്‌ച

ചക്രവാളത്തിലേക്ക്

ഇന്നലെ,
                   കിനാവിന്‍റെ സീമകള്‍ക്കരികിലെക്കു
                    ആയിരം കാതമകലെ നിന്നൊരു
                    വെള്ളിനക്ഷത്രമെത്തി ..... നാള്‍ക്കുനാള്‍
                    ശോഭിക്കുന്നൊരംബര തേജസ്സിനെ
                     ദീര്‍ഘനാള്‍ സേവ ചെയ്യാന്‍ ഒരുങ്ങി
                     എന്‍ മനോരഥം........


                                          എന്‍ അസ്ഥിയിലതു ലയിച്ചു
                                           എന്‍ ചോരയില്‍ എന്‍ മജ്ജയില്‍
                                           എന്‍ ജീവനില്‍ എന്‍ചിന്തയില്‍
                                           എന്‍റെ ഹൃദയത്തിലുടലെടുത്തോരശയെ
                                           വിലക്കി നിര്‍ത്തി ഞാന്‍ ആ മഹാ
                                            തമസ്സിന്റെ ഇരുണ്ട കോണിലായ്..

                   
                       ദൂരെയായ് വിരിയുമാ ചൈതന്യനാളമെന്‍
                       പ്രാണന്‍റെ സിരകള്‍ക്കു ചേതന പകര്‍നെങ്കില്‍........... .... . ...../..
     
                 

                    

2011, ഡിസംബർ 27, ചൊവ്വാഴ്ച

മഞ്ഞുത്തുള്ളികള്‍

മഞ്ഞുത്തുള്ളികള്‍

മഞ്ഞു പെയുമാ മകര നിലാവില്‍
മഴവില്ല് പോലെന്‍ മുന്നില്‍
ചിരി തൂകി നിന്നവളെ
അറിയുന്നു നിന്നെ ഞാന്‍
അലിയുന്നു നിന്നില്‍ ഞാന്‍

പാതി വിടര്‍നൊരു മലരായ്‌ പ്രണയം
ഇതള്‍ വിരിയുകയാനുള്ളില്‍
മധു ചൊരിയുകയാനുള്ളില്‍

താരകങ്ങള്‍ തീര്‍ത്ത സന്ധ്യയില്‍
തേന്മാവ് പൂത്ത വഴിയില്‍
നിന്‍ കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു നില്ല്പൂ ഞാനും

പെയ്തൊഴിയഅതൊരു മഴ പോല്‍ വിരഹം
തിര ഇളകുകയാനുള്ളില്‍
നുര ചിതറുകയായി കണ്ണില്‍

കാറ്റൊന്നു വീശിയപ്പോള്‍
മാമ്പൂ പൊഴിഞ്ഞപ്പോള്‍
തുടിക്കുന്ന നെഞ്ജുമായി
കാത്തിരുന്ന് നിന്നെ ഞാന്‍
വിജനമാം ആ വീഥിയില്‍

മറക്കില്ല ഞാനാ സ്നേഹം
മനസിന്റെ തീരാ ദാഹം
മരണമെന്നെ മായിക്കുന്ന നാള്‍വരെ